Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

4 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു, കേരളത്തില്‍ ഏപ്രില്‍ 6-ന്

Picture

ന്യൂഡല്‍ഹി: കേരളം അടക്കമുള്ള നാല് സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ ആറിന് ആണ്. വോട്ടെണ്ണല്‍ മേയ് 2ന് നടക്കും. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

 

കേരളത്തില്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 12ന് പുറത്തുവരും. നോമിനേഷന്‍ നല്‍കാനുള്ള അവസാന തീയതി മാര്‍ച്ച് 19 ആണ്. സൂക്ഷ്മപരിശോധന മാര്‍ച്ച് 20നും, പിന്‍വലിക്കാനുള്ള തീയതി 22നും ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. കുഞ്ഞാലിക്കുട്ടി രാജിവച്ചതോടെ ഒഴിവുവന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതിനൊപ്പം നടക്കും. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കേരളത്തിന് സമാനമായ തീയതികളില്‍ തിരഞ്ഞെടുപ്പ് നടക്കും.

 

വിഷു, ബിഹു, ഹോളി, ദുഃഖവെള്ളി, റംസാന്‍ എന്നീ തീയതികളെല്ലാം കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതെന്ന് ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വ്യക്തമാക്കി. കേരളത്തിലെ തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ ദീപക് മിശ്ര ഐപിഎസ് ആണ്. കേരളത്തിലെ പ്രത്യേക കേന്ദ്ര നിരീക്ഷകനെ രണ്ടു ദിവസത്തില്‍ തീരുമാനിക്കും. പുഷ്‌പേന്ദ്ര കുമാര്‍ പുനിയ കേരളത്തില്‍ തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകനാവും. 30.8 ലക്ഷം രൂപ ഓരോ മണ്ഡലത്തിലും സ്ഥാനാര്‍ത്ഥിക്ക് പരമാവധി ചിലവാക്കാവുന്ന തുകയായി നിശ്ചയിച്ചു.

 

സംസ്ഥാനത്ത് 40,771 പോളിംഗ് ബൂത്തുകളാണ് ഉള്ളത്. ബൂത്തുകളുടെ എണ്ണത്തില്‍ 89.65 ശതമാനം വര്‍ദ്ധനവ് ഇക്കുറി ഉണ്ടായി. സംസ്ഥാനത്ത് 140 മണ്ഡലങ്ങളുണ്ട്. 2.67 കോടിയിലേറെ വോട്ടര്‍മാരുള്ളതില്‍ 579033 പുതിയ വോട്ടര്‍മാരുണ്ട്. 221 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും ഇത്തവണ വോട്ട് ചെയ്യുന്നുണ്ട്. വോട്ടര്‍ പട്ടികയുടെ അന്തിമ കണക്കില്‍ ഇനിയും വോട്ടര്‍മാര്‍ കൂടിയേക്കും

.

ഒരു ബൂത്തില്‍ പരമാവധി 1000 വോട്ടര്‍മാരെയേ അനുവദിക്കൂ. പോളിംഗ് ബൂത്തുകളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമായി പാലിക്കണം. ബൂത്ത് സജ്ജമാക്കാന്‍ ഒരു ഉദ്യോഗസ്ഥനെ കൂടി അധികമായി നിയോഗിക്കും. കൊവിഡ് രോഗികള്‍ക്കും 80 വയസ്സ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പോസ്റ്റല്‍ വോട്ടിന് അനുമതിയുണ്ട്.

150 കമ്പനി കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസറോട് സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂര്‍, മലപ്പുറം , വയനാട് , പാലക്കാട് ജില്ലകലില്‍ കേന്ദ്ര സേനയെ വിന്യസിക്കും. മാവോയിസ്റ്റ് ഭീഷണിയുള്ള മേഖകളില്‍ കൂടുതല്‍ ജാഗ്രത പുലത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തീയതി പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇന്ന് മുതല്‍ നിലവില്‍ വരും.

 

അസമില്‍ മൂന്ന് ഘട്ടങ്ങളായാണ് വോട്ടെടുപ്പ്. ആദ്യ ഘട്ടം മാര്‍ച്ച് 27, രണ്ടാം ഘട്ടം ഏപ്രില്‍ 1, മൂന്നാം ഘട്ടം ഏപ്രില്‍ 6. പശ്ചിമബംഗാളില്‍ എട്ട് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം മാര്‍ച്ച് 27ന്. രണ്ടാം ഘട്ടം ഏപ്രില്‍ 1, മൂന്നാം ഘട്ടം ഏപ്രില്‍ 6, നാലാം ഘട്ടം ഏപ്രില്‍ 10, അഞ്ചാം ഘട്ടം ഏപ്രില്‍ 17, ആറാം ഘട്ടം ഏപ്രില്‍ 22, ഏഴാം ഘട്ടം ഏപ്രില്‍ 26, എട്ടാം ഘട്ടം ഏപ്രില്‍ 29. മേയ് രണ്ടിന് ഫലംപ്രഖ്യാപനം.

 

പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ഥിക്കൊപ്പം രണ്ട് പേരെ മാത്രമേ അനുവദിക്കു. ഓണ്‍ലൈനായും പത്രിക നല്‍കാം. വീടുകള്‍ കയറിയുള്ള പ്രചാരണത്തിന് അഞ്ച് പേരും വാഹന റാലികളില്‍ അഞ്ച് വാഹനങ്ങള്‍ മാത്രമേ പാടുള്ളുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code