Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാം (തോമസ് ഫിലിപ്പ് പാറയ്ക്കമണ്ണില്‍)

Picture

ഞാന്‍, അതെ ഞാന്‍ മാത്രം ജീവിച്ചാല്‍ മതി, ഞാനാകുന്നു സര്‍വ്വവും എന്നു തോന്നിപ്പോകും ഇന്നത്തെ അധികം മനുഷ്യരുടേയും പ്രവര്‍ത്തികളും പെരുമാറ്റങ്ങളും കണ്ടാല്‍. മനുഷ്യന്റെ അന്ധമായ സ്വാര്‍ത്ഥതയാകുന്നു ഇന്നത്തെ സകല പ്രശ്‌നങ്ങള്‍ക്കും അക്രമങ്ങള്‍ക്കും കുടുംബ കലഹങ്ങള്‍ക്കും ചതികള്‍ക്കും വഞ്ചനകള്‍ക്കും കൊലപാതകങ്ങള്‍ക്കും,. പള്ളി വഴക്കുകള്‍ക്കും, വ്യവഹാരങ്ങള്‍ക്കും കാരണം. ഭൂരിപക്ഷം ദൈവ വിശ്വാസികളുടേയും മുഖമുദ്ര സ്വാര്‍ത്ഥതയാകുന്നു. എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരുടേയും ലക്ഷ്യം സ്വാര്‍ത്ഥതയും സ്ഥാപിതതാത്പര്യങ്ങളും മാത്രമാകുന്നു. മന:സാക്ഷിയും മനുഷ്യത്വവും ഇല്ലാത്ത മനുഷ്യരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു ലോകം ഇന്ന്!

രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് മനുഷ്യകുലത്തെ മുഴുവന്‍ സ്‌നേഹിച്ചുകൊണ്ടും സേവിച്ചുകൊണ്ടും അവര്‍ക്കുവേണ്ടി മാത്രം ജീവിച്ച ദൈവപുത്രനായ ക്രിസ്തുവിന്റെ അനുപമ സുന്ദരമായ നിസ്വാര്‍ത്ഥ സ്‌നേഹത്തിന്റെ വില ലോകം ദര്‍ശിക്കുന്നത് ഇവിടെയാകുന്നു. ക്രിസ്തുവിന്റെ മധുര മനോഹരമായ നിഷ്ക്കാമ സ്‌നേഹത്തിന്റെ ശോഭ മനുഷ്യരാശിയെ മുഴുവന്‍ എന്നെന്നും ആനന്ദിപ്പിച്ചുകൊണ്ടിരിക്കുന്നു.! "തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ അത്രയ്ക്ക് സ്‌നേഹിച്ചു' എന്ന് വിശുദ്ധ യോഹന്നാന്‍ അവനെ സാക്ഷിച്ചു. ഇതാകുന്നു ലോകോത്തരമായ സാക്ഷാല്‍ സ്‌നേഹം.!

സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്കു മുന്‍ഗണന നല്‍കിക്കൊണ്ടുള്ള സ്‌നേഹമല്ലാതെ, നിസ്വാര്‍ത്ഥവും നിഷ്കളങ്കവുമായ സ്‌നേഹം ഒരു വലിയ വിഭാഗം അമ്മമാരിലും ദൈവാത്മാവില്‍ പ്രേക്ഷിതവേല ചെയ്തുകൊണ്ടിരിക്കുന്ന ഒരു വിഭാഗം ദൈവദാസന്മാരിലുമല്ലാതെ മറ്റുള്ളവരെ കരുതുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന സ്‌നേഹം ഇന്ന് മറ്റൊരിടത്തും ഇല്ല. ഗര്‍ഭം മുതല്‍ കുഞ്ഞുങ്ങളെ താങ്ങി സംരക്ഷിക്കുകയും ജനനം മുതല്‍ അവരെ എന്നും ശുദ്ധി ചെയ്ത് ശുശ്രൂഷിച്ച് ഊട്ടി ഉറക്കുകയും കഷ്ടപ്പെട്ട് വളര്‍ത്തി വലുതാക്കുകയും ചെയ്യുന്ന മാതാക്കളുടെ സുരഭിലമായ ശുശ്രൂഷകളും, നിഷ്ക്കാമ സ്‌നേഹവും എത്ര വലുതും നിതാന്തസുന്ദരവുമാകുന്നു! അമൂല്യവും ദൈവീകവുമായ ഈ സ്‌നേഹ ശുശ്രൂഷ അനുഷ്ഠിച്ച് കടന്നുപോയ എല്ലാ മാതാക്കള്‍ക്കും, രോഗികളും ദു:ഖിതരും പരിക്ഷീണരുമായി ഇന്ന് ജീവിച്ചിരിക്കുന്ന എല്ലാ മാതാക്കള്‍ക്കും "ഹാപ്പി മദേഴ്‌സ് ഡേ' എന്നു ആശംസിക്കുകയും, ഹൃദയംഗമമായി ഞാന്‍ അവരെ ആദരിക്കുകയും ചെയ്യുന്നു.

നമുക്ക് ഇന്ന് ധാരാളം രാഷ്ട്രീയ, സാമൂഹ്യ, മത നേതാക്കന്മാരും ആത്മീയാചാര്യന്മാരുമുണ്ട്. നിര്‍ധനനും ദരിദ്രനുമായ ആരുമായും അവര്‍ക്ക് സാമീപ്യ സമ്പര്‍ക്കങ്ങള്‍ ഇല്ല. പലരും അവരുമായി അകല്‍ച്ച പാലിക്കുകയും ചെയ്യുന്നു എന്നുള്ളതാണ് സത്യം. അവരുടെ ഇല്ലായ്മകളും, ദുഖങ്ങളും അവര്‍ക്ക് അറിഞ്ഞുകൂടാ. രോഗങ്ങളും മാരക രോഗങ്ങളും ഇന്നത്തെ പര്‍ച്ചവ്യാധികളും ബാധിച്ച് ശ്വാസംമുട്ടി ആയിരമായിരങ്ങള്‍ ഇപ്പോള്‍ ഇന്ത്യയില്‍ മരിച്ചുവീണുകൊണ്ടിരിക്കുന്നു. കൊറോണ മൂലം വടക്കേ ഇന്ത്യയില്‍ മരിച്ച 150 പേരുടെ ശവങ്ങള്‍ ഗംഗാ നദിയിലേക്ക് വലിച്ചെറിഞ്ഞ വാര്‍ത്ത കഴിഞ്ഞ ദിവസം വായിക്കുകയുണ്ടായി. എത്ര ദയനീയമായ അവസ്ഥയാണ് മനുഷ്യന്റേത്! മനുഷ്യബന്ധങ്ങള്‍ക്ക് എന്തര്‍ത്ഥം? സ്വന്തക്കാരുടേയോ, മറ്റാരുടേയുമോ സഹായമോ, ക്ഷേമാന്വേഷണങ്ങളോ ഇല്ലാത്തവരായി ഭവനങ്ങളില്‍ മുക്കിയും മൂളിയും നിരങ്ങിയും കിടക്കയിലുമായി കഴിയുന്ന ലക്ഷക്കണക്കിന് നിസ്സഹായരായ വൃദ്ധജനങ്ങള്‍ ഇന്ന് കേരളത്തിലുണ്ട്. മക്കള്‍ക്കും ഇന്നവരെ വേണ്ട. അവരെക്കൊണ്ടുള്ള അവരുടെ ആവശ്യം കഴിഞ്ഞു!

ആരും മറക്കണ്ട, "എനിക്ക് വിശന്നു, നിങ്ങള്‍ ഭക്ഷിപ്പാന്‍ തന്നില്ല. ദാഹിച്ചു, നിങ്ങള്‍ കുടിപ്പാന്‍ തന്നില്ല. നഗ്നനായിരുന്നു, നിങ്ങള്‍ എന്നെ ഉടുപ്പിച്ചില്ല. രോഗിയും തടവിലുമായിരുന്നു, നിങ്ങള്‍ എന്നെ കാണ്മാന്‍ വന്നില്ല'. എന്നുള്ള ദൈവ ശബ്ദം എന്റേയും നിങ്ങളുടേയും കര്‍ണ്ണപുടലങ്ങളില്‍ ഇന്നും അവിരാമം വന്നടിച്ചുകൊണ്ടേയിരിക്കുന്നു! എന്നാല്‍ അഭിവന്ദ്യരും ലോകാരാധ്യരുമായ ദൈവത്തിന്റെ പ്രതിപുരുഷന്മാരായ പല കര്‍ദിനാള്‍മാരേയും, ബിഷപ്പുമാരേയും, പുരോഹിന്മാരേയും, ശാസ്ത്രിമാരേയും, വിദ്വാന്മാരേയുമൊക്കെ പണ്ടേതന്നെ ക്രിസ്തു ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുമുണ്ടല്ലോ.

മനുഷ്യരെ അവരുടെ ദുഖങ്ങളില്‍ നിന്നും ജീവിത തകര്‍ച്ചകളില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷിപ്പാനായി ക്രിസ്തു സ്വര്‍ഗ്ഗ സിംഹാസനം കൈവിട്ട് ലോകത്തിലേക്കു വന്നു. മരിച്ചുപോയ തന്റെ സ്‌നേഹിതന്‍ ലാസറിനേയും, മരണത്തിന് വിധിക്കപ്പെട്ട മഗ്ദലന മറിയത്തേയും, ചുങ്കക്കാരനേയും, പുറജാതി ശമര്യാക്കാരി സ്ത്രീയേയും, മുക്കുവരേയും, ഭൂതബാധിതരേയും, ക്രൂശില്‍ വച്ച് തന്റെകൂടെ ക്രൂശിക്കപ്പെട്ട കള്ളനേയും അവന്‍ രക്ഷിച്ചു. തന്നില്‍ വിശ്വസിക്കുന്ന ആയിരമായിരങ്ങളെ അവന്‍ ഇന്നും രക്ഷിച്ചുകൊണ്ടിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ മറ്റുള്ളവര്‍ക്കുവേണ്ടി അവന്‍ ജീവിച്ചു. നാമും മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കണം. നമുക്കും മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാം.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code