Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മുത്തശ്ശീമുത്തച്ഛന്‍മാരേ, ഞങ്ങള്‍ക്ക് നിങ്ങളെ ആവശ്യമുണ്ട്. നിങ്ങളെ ഞങ്ങള്‍ സ്‌നേഹിക്കുന്നു (ടോണി ചിറ്റിലപ്പിള്ളി)

Picture

ജൂലൈ ഇരുപത്തിയഞ്ചാം തിയതി ആഗോള കത്തോലിക്കാ സഭയില്‍ മുത്തശ്ശീമുത്തച്ഛന്‍മാര്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള പ്രഥമ ആഗോള ദിനം ആചരിക്കപ്പെടുകയാണ്.""ഞാന്‍ എന്നും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും''(മത്തായി 28:20)എന്ന ബൈബിള്‍ വചനമാണ് ആചരണത്തിന്റെ പ്രമേയം.ആഗോള കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനും,റോമായുടെ മെത്രാനും വയോധികനായ ഒരാളും എന്ന നിലയില്‍ അവരോടുള്ള ഐക്യദാര്‍ഢ്യം ഊട്ടിയുറപ്പിച്ചു കൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മുത്തശ്ശീ മുത്തച്ഛന്‍മാര്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ഈ ആഗോള ദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്തത്.

പ്രായമായവര്‍ കാലത്തിന്‍റെ വിജ്ഞാനം പങ്കുവയ്ക്കുന്നവരാണെന്ന് സിവില്‍ത്താ കത്തോലിക്കാ പ്രസിദ്ധപ്പെടുത്തിയ "കാലത്തിന്‍റെ വിജ്ഞാനം പങ്കുവയ്ക്കാം''എന്ന പുസ്തകത്തില്‍ പാപ്പാ ഫ്രാന്‍സിസ് പറയുന്നുണ്ട്. ഇന്നിന്‍റെ സമൂഹവും സംസ്ക്കാരവും അതിന്‍റെ നേട്ടങ്ങളും പരിരക്ഷിച്ചു വളര്‍ത്തിയവരാണ് പഴമക്കാര്‍.അതിനാല്‍ അവര്‍ ജീവിച്ചു പോറ്റിയ സകലത്തിനും നന്ദിയുള്ള ഹൃദയത്തോടെ ജീവിക്കേണ്ടവരാണ് യുവജനങ്ങള്‍ എന്ന് മാര്‍പാപ്പാ അടിവരയിടുന്നു.

വാര്‍ദ്ധക്യം ഭീതിജനകമായ ജീവിതാവസ്ഥയായി കണക്കാക്കുന്നവരാണ് നമ്മില്‍ പലരും.ശാരീരികവും മാനസികവുമായ വല്ലായ്മകള്‍ ഉണ്ടാകുമ്പോള്‍ വാര്‍ദ്ധക്യം ഭീതിജനകമായ ജീവിതാവസ്ഥയായി കരുതുന്നത് തെറ്റു പറയാനാവില്ല.പക്ഷെ തിരിച്ചറിയേണ്ട യാഥാര്‍ത്ഥ്യം ഇത് ജീവിതത്തിന്റെ അവസാനഘട്ടമല്ല എന്നുള്ളതാണ്.ജീവിതത്തില്‍ കൊണ്ടും കൊടുത്തും നേടിയ പച്ചയായ അനുഭവങ്ങളില്‍നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയതായി ചിലതെല്ലാം ആരംഭിക്കുവാനുള്ള കാലയളവാണ് വാര്‍ദ്ധക്യം.അതിനുവേണ്ടത് പ്രായമാകാത്തൊരു മനസ്സും എന്തിനും പോന്ന മനക്കരുത്തുമാണ്.

തോമസ് ആല്‍വാ എഡിസന്റെ ജീവിതം നമുക്ക് പ്രചോദനമാകട്ടെ.1914 ഡിസംബര്‍10- ന് വൈകുന്നേരം ന്യൂ ജെഴ്‌സിയിലെ എഡിസന്റെ പരീക്ഷണശാലയ്ക്ക് തീ പിടിച്ചു.നിമിഷങ്ങള്‍ കൊണ്ട് അത്രയും കാലത്തെ അദ്ധ്വാനവും കണ്ടുപിടിത്തങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും കത്തിനശിച്ചു.നാശനഷ്ടങ്ങളുടെ കണക്കെടുത്താല്‍ ഇന്നത് ഏകദേശം 23 മില്ല്യന്‍ ഡോളറാണ്.എന്നാല്‍ പിറ്റേന്നത്തെ ന്യൂയോര്‍ക്ക് ടൈംസില്‍ എഡിസണ്‍ പ്രതികരിച്ചത് ഇപ്രകാരമാണ്.""എനിക്ക് 67 വയസ്സ് കഴിഞ്ഞുവെങ്കിലും നാളെ മുതല്‍ ഞാന്‍ എല്ലാം പുതുതായിആരംഭിക്കും.'' പ്രായമല്ല മനസ്സാണ് പ്രധാനം.മനോഭാവങ്ങളാണ് മാറേണ്ടതെന്ന് എഡിസന്‍ നമ്മെ പഠിപ്പിക്കുന്നു.

കൊച്ചു കുട്ടികള്‍ക്കെന്ന പോലെ ഏറ്റവും കൂടിയ പരിചരണം ആവശ്യമായി വരുന്ന ജീവിതാവസ്ഥയാണ് വാര്‍ദ്ധക്യം.വാര്‍ദ്ധക്യ സാഹചര്യ രോഗങ്ങളാലും ജീവിത ശൈലീരോഗങ്ങളാലും ബഹുഭൂരിപക്ഷം വൃദ്ധജനങ്ങളും കഷ്ടതയനുഭവിക്കുന്നവരാണ്.മക്കളുടെയും കൊച്ചുമക്കളുടെയും സ്‌നേഹവാത്സല്യങ്ങളും പരിചരണങ്ങളും ഏറെ ആഗ്രഹിക്കുന്ന ഒരു ഘട്ടമാണിത്. ഇത്തരമൊരു സാഹചര്യങ്ങളിലൂടയാണ് ഏറെ ബഹുമാനിക്കപ്പെടേണ്ടവരായ വൃദ്ധജനങ്ങള്‍ കടന്നു പോകുന്നത്.

രാജ്യത്ത് കേരളത്തിലാണ് വയോജനങ്ങളുടെ ശതമാനം കൂടുതല്‍ 13.1 %. ജനസംഖ്യയില്‍ 48 ലക്ഷം വയോജനങ്ങളാണ്. ഇവരില്‍ 80 വയസ്സിന് മുകളില്‍ 15 ശതമാനത്തോളമാണ്.അതായത് എഴുലക്ഷത്തിലേറെപേര്‍.കേരളത്തില്‍ വയോജനങ്ങളില്‍ 55 ശതമാനത്തിനു മേല്‍ സ്തീകളാണ്. കേരളത്തിലെ വയോജനങ്ങളില്‍ ബഹുഭൂരിപക്ഷവും സാമ്പത്തികമായി പരാശ്രയത്തില്‍ കഴിയാന്‍ നിര്‍ബന്ധിതരായവരാണ് വയോജനങ്ങളുടെ സാമൂഹ്യ സാമ്പത്തിക ആരോഗ്യ ലിംഗനീതി പ്രശ്‌നങ്ങളാണ് കേരളം ഇനി ഇടപെടേണ്ട മേഖലകളില്‍ പ്രധാനപ്പെട്ടത്.

2025 ആകുമ്പോഴേക്കും കേരളത്തിലെ ജനസംഖ്യയില്‍ 20 ശതമാനവും പ്രായമായവരാകുമെന്നാണ് കരുതുന്നത്.ഈ സാഹചര്യത്തില്‍ കുടുംബങ്ങളിലെ വൃദ്ധരുടെ സാമൂഹ്യപദവി പ്രത്യേക പരിഗണന അര്‍ഹിക്കുന്നു.രാജ്യത്ത് ഏറ്റവും കൂടുതല്‍ വയോധികരുള്ള നമ്മുടെ സംസ്ഥാനം വയോജനങ്ങള്‍ ഏറ്റവും സുരക്ഷിതരായും സന്തോഷത്തോടെയും കഴിയുന്ന സംസ്ഥാനമായിക്കൂടി മാറണം.

വാര്‍ദ്ധക്യം ഒരു ശാപമല്ല,ഏറ്റവും സ്‌നേഹിക്കപ്പെടേണ്ട, കരുതേണ്ടുന്ന കാലമാണ്.കൂട്ടുകുടുംബ വ്യവസ്ഥകള്‍ അണുകുടുംബങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ജീവിതം ഏറ്റവും ക്ലേശകരമായി തീര്‍ന്നിരിക്കുന്നത് സ്വാഭാവികമായും വൃദ്ധജനങ്ങള്‍ക്കാണ്.ജീവിത യാത്രയുടെ അവസാന നാളുകളിലെത്തി നില്‍ക്കുന്ന ഓരോ വൃദ്ധജനങ്ങളും വന്‍ നിധി ശേഖരങ്ങളാണ്.ഒരുപാട് അനുഭവത്തിന്‍റെയും വിജ്ഞാനത്തിന്‍റെയും ചരിത്രപുസ്തകങ്ങളാണവര്‍.കാലത്തോടൊപ്പം നടന്ന് കാലത്തിന്‍റെ കുതിപ്പിനും കിതപ്പിനും സാക്ഷിയായവര്‍. ദാരിദ്ര്യവും,ഇല്ലായ്മകളും എല്ലാം താണ്ടി നമുക്ക് സമൃദ്ധിയുടെ പൂക്കാലം ഒരുക്കി തന്നവരാണവര്‍.

ദൈവത്തിന്‍റെ സ്വന്തം നാടെന്ന് പറയപ്പെടുന്ന നമ്മുടെ കേരളം തന്നെയാണ് ഏറ്റവും കൂടുതല്‍ വൃദ്ധസദനങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്ന സംസ്ഥാനം.പുരുഷന്മാരെ അപേഷിച്ച് സ്ത്രീകളാണ് വൃദ്ധജനസംഖ്യയില്‍ കൂടുതലുള്ളത്.ഒരുപാട് അച്ഛനമ്മമാര്‍,മുത്തശ്ശന്മാര്‍,മുത്തശ്ശിമാര്‍, ഇന്ന് വൃദ്ധസദനങ്ങളുടെ ജനലഴിക്കു പിന്നില്‍ ഒരിറ്റ് സ്‌നേഹവും ഒരു വിരല്‍ തുമ്പും ആഗ്രഹിച്ച് കണ്ണിമ ചിമ്മാതെ നിശയെ നിദ്രാവിഹീനമാക്കി മക്കളുടെ വരവും കാത്തിരിക്കുന്നുണ്ട്.

വയോധികരെ അങ്ങനെ എഴുതിത്തള്ളാന്‍ വരട്ടെ.പ്രായം വെറും അക്കം മാത്രമാണെന്ന് തെളിയിച്ച നിരവധി മഹാന്മാര്‍ ഉണ്ട്.തന്റെ 88-ാമത്തെ വയസ്സിലാണ് മൈക്കലാഞ്ചലോ ചര്‍ച്ച് ഓഫ് സാന്താ മരിയ ഡെഗ്ലി ഏഞ്ചലിക്ക് വേണ്ടി വാസ്തുവിദ്യാ പദ്ധതികള്‍ സൃഷ്ടിച്ചത്.പി.ജി.വുഡ്ഹൗസ് 93 വയസ്സിലാണ് തന്റെ 97-ാമത്തെ നോവല്‍ എഴുതിയത്.റഷ്യന്‍ ലോകകപ്പില്‍ കളിച്ച ഏറ്റവും പ്രായം കൂടിയ താരമായ ഈജിപ്ത് ഗോള്‍കീപ്പര്‍ അസം എല്‍ ഹദരി അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചത് തന്റെ 45ാം വയസിലാണ്.ജാപ്പനീസ് മലകയറ്റക്കാരനായ യുചിരോ മിയൂറ 80-ാമത്തെ വയസ്സിലാണ് എവറസ്റ്റിലെത്തിയത്.

നമ്മുടെ കേരളത്തില്‍ സാക്ഷരതാ മിഷന്‍ നടത്തിയ പരീക്ഷയില്‍ തൊണ്ണൂറ്റാറാമത്തെ വയസ്സില്‍ ഒന്നാം റാങ്ക് നേടി ലോകത്തെ ഞെട്ടിച്ച ആലപ്പുഴയിലെ കാര്‍ത്യായനി അമ്മ ഇന്ന് കോമണ്‍വെല്‍ത്ത് ലേണിംഗിന്റെ ഗുഡ് വില്‍ അംബാസിഡറാണ്.പ്രായത്തിന്റെ അവശതകള്‍ വകവെക്കാതെയാണ് എറണാകുളം അങ്കമാലി സ്വദേശിനിയായ 104 വയസുകാരിയായ അന്നം വര്‍ക്കി കോവിഡ് വാക്സിന്‍ സ്വീകരിച്ച് കേരളത്തിന് മാതൃകയായത്.അതെ,വയോജനങ്ങള്‍ പലപ്പോഴും നമ്മെ വിസ്മയിപ്പിക്കുന്നു.

മരണത്തിന്റെ മണമുള്ള നരയുടെ അസഹൃതയില്‍ കൊതിതീരാത്ത ജീവിതത്തിന്റെ സുവര്‍ണ്ണസ്മരണകളാണ് വയോജനങ്ങള്‍ പ്രകാശിപ്പിക്കുന്നത്.കാരുണ്യം മരിക്കുമ്പോള്‍ വൃദ്ധരുടെ നിശബ്ദവിളികള്‍ നാം കേള്‍ക്കാതെ പോകുന്നു.ഇത്തരമൊരു സംസ്കാരത്തിന്റെ പകല്‍ വെളിച്ചത്തിലാണ് ക്രൈസ്തവ വിശ്വാസത്തിന്റെ വേരുകള്‍ സംരക്ഷിക്കുവാനും ഇളംതലമുറയ്ക്ക് പകര്‍ന്ന് കൊടുക്കാനും വിരമിക്കല്‍ പ്രായമില്ലായെന്ന് ഓര്‍മ്മിപ്പിച്ച് വയോധികര്‍ക്കുമായുള്ള പ്രഥമ ആഗോള ദിനത്തോടനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശം വരുന്നത്.പ്രായമായവരോട് നമുക്കും പറയാം:"ഞങ്ങള്‍ക്ക് നിങ്ങളെ ആവശ്യമുണ്ട്.നിങ്ങളെ ഞങ്ങള്‍ സ്‌നേഹിക്കുന്നു"



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code