അബുദാബി: മുസഫ ഐകാഡ് സിറ്റിയിലുണ്ടായ തീപിടിത്തത്തില്‍ മൂന്നു പെട്രോള്‍ ടാങ്കറുകള്‍ പൊട്ടിത്തെറിച്ച് മൂന്നു മരണം. ആറു പേര്‍ക്ക് പരുക്കേറ്റു. രണ്ടു ഇന്ത്യക്കാരും ഒരു പാക്കിസ്ഥാന് സ്വദേശിയുമാണ് കൊല്ലപ്പെട്ടതെന്ന് യുഎഇ വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു. ചിലരുടെ പരുക്ക് സാരമുള്ളതാണെന്നും ചിലത് നേരിയതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പൊട്ടിത്തെറിയെ തുടര്‍ന്ന് അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ നിര്‍മാണ കേന്ദ്രത്തിനു സമീപവും തീപിടിത്തമുണ്ടായി. ഐകാഡ് മൂന്നില്‍ രാവിലെയായിരുന്നു സംഭവം. അഡ്നോക് സംഭരണ ടാങ്കുകള്‍ക്കു സമീപമുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ടാങ്കറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അബുദാബി പൊലീസ് സ്ഥിരീകരിച്ചു. അഗ്നിശമനസേന സംഭവസ്ഥലത്തെത്തി തീയണച്ചു.
ഡ്രോണ്‍ പോലുള്ള വസ്തു പ്രദേശത്തു വീഴുകയും തീപിടിക്കുകയുമായിരുന്നുവെന്നാണ് പ്രഥമിക വിലയിരുത്തലെന്ന് യുഎഇ വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.
Comments