Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫിലാഡല്‍ഫിയയില്‍ ബിഷപ് മാര്‍ തോമസ് തറയില്‍ നയിക്കുന്ന നോമ്പുകാലധ്യാനം   - ജോസ് മാളേയ്ക്കല്‍

Picture

ഫിലാഡല്‍ഫിയ: വലിയനോമ്പിനോടനുബന്ധിച്ച് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാപള്ളിയില്‍ നടത്തിവരാറുള്ള വാര്‍ഷികധ്യാനം മാര്‍ച്ച് 10 വെള്ളിയാഴ്ച്ച മുതല്‍ 12 ഞായറാഴ്ച്ച വരെ നടത്തപ്പെടുന്നു. ചങ്ങനാശ്ശേരി അതിരൂപതാസഹായമെത്രാനും, വിവിധ ക്രൈസ്തവ ടെലിവിഷന്‍ ചാനലുകളിലൂടെയും, ജനപ്രിയ വീഡിയോ ഷെയറിങ്ങ് പ്ലാറ്റ്‌ഫോമായ യു റ്റിയൂബിലൂടെയും ധാരാളം ആത്മീയ പ്രഭാഷണങ്ങളും, വിശ്വാസപരിശീലനക്ലാസുകളും കൊടുത്തുകൊണ്ടിരിക്കുന്ന പ്രഗല്‍ഭ ആത്മീയപ്രഭാഷകന്‍ ബിഷപ് മാര്‍ തോമസ് ജോസഫ് തറയില്‍ ആണ് ഈ വര്‍ഷം ധ്യാനം നയിക്കുന്നത്.

മുതിര്‍ന്നവര്‍ക്കും, യുവാക്കള്‍ക്കും, കുട്ടികള്‍ക്കുമായി വ്യത്യസ്ത ട്രാക്കുകളിലായിട്ടാണ് ഈ വര്‍ഷത്തെ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് മലയാളത്തിലുള്ള മൂന്നുദിവസത്തെ ധ്യാനം ആണ് മാര്‍ തോമസ് തറയില്‍ നയിക്കുന്നത്. മാര്‍ച്ച് 10 വെള്ളിയാഴ്ച്ച ഏഴുമണിക്ക് ജപമാലയോടും, വി. കുര്‍ബാനയോടും കൂടി ധ്യാനം ആരംഭിക്കും. വചനസന്ദേശം, കുരിശിന്റെ വഴി എന്നിവയാണ് വെള്ളിയാഴ്ച്ചയിലെ പരിപാടികള്‍. ഒന്‍പതു മണിക്ക് സമാപനം. മാര്‍ച്ച് 11 ശനിയാഴ്ച്ച രാവിലെ ഒന്‍പതു മണിക്ക് വിശുദ്ധ കുര്‍ബാനയോടുകൂടി രണ്ടാം ദിവസത്തെ ധ്യാനം ആരംഭിക്കും. നിത്യസഹായമാതാവിന്റെ നൊവേന, വചനസന്ദേശം, കുമ്പസാരം, ആരാധന എന്നിവയായിരിക്കും ശനിയാഴ്ച്ചത്തെ പ്രാര്‍ത്ഥനാശുശ്രൂഷകള്‍. അഞ്ചുമണിക്ക് ദിവ്യകാരുണ്യ ആരാധനയോടെ അന്നത്തെ ശുശ്രൂഷ അവസാനിക്കും. മാര്‍ച്ച് 12 ഞായറാഴ്ച്ച രാവിലെ എട്ടരയ്ക്കുള്ള വിശുദ്ധകുര്‍ബാനയോടെ മൂന്നാം ദിവസത്തെ ധ്യാനശുശ്രൂഷകള്‍ ആരംഭിക്കും. ദിവ്യകാരുണ്യ ആരാധനയെതുടര്‍ന്ന് മൂന്നുമണിക്ക് ധ്യാനം സമാപിക്കും.

മിഡില്‍സ്‌കൂള്‍, ഹൈസ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഇംഗ്ലീഷ് ധ്യാനം ശനിയാഴ്ച്ചയും, ഞായറാഴ്ചയും മാത്രമായിരിക്കും നടത്തപ്പെടുക. സി. സി. ഡി. കുട്ടികള്‍ക്ക് രൂപതയിലെ യുവജന അപ്പസ്‌തോലേറ്റ് പ്രതിനിധികളും, ജീസസ് യൂത്ത് വോളന്റിയേഴ്‌സും ആയിരിക്കും ധ്യാനശുശ്രൂഷ നിര്‍വഹിക്കുന്നത്. എലമെന്ററി ഗ്രേഡുകളിലുള്ള കുട്ടികള്‍ക്കായി മതാധ്യാപകര്‍ ക്ലാസുകള്‍ കൊടുക്കും.

ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് രണ്ടുദിവസവും ലഘുഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. വാര്‍ഷികധ്യാനത്തില്‍ പങ്കെടുത്ത് നോമ്പുകാലം ആത്മീയ ചൈതന്യത്തില്‍ വളരാന്‍ എല്ലാ വിശ്വാസികളെയും ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീലും, കൈക്കാരന്മാരായ രാജു പടയാറ്റില്‍, ജോര്‍ജ് വി. ജോര്‍ജ്, തോമസ് ചാക്കോ, റോഷിന്‍ പ്ലാമൂട്ടില്‍, സെക്രട്ടറി ടോം പാറ്റാനിയില്‍, സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ എന്നിവരും, പാരീഷ് കൗണ്‍സിലും സംയുക്തമായി ക്ഷണിക്കുന്നു. ധ്യാനസംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക്: ടോം പാറ്റാനി (സെക്രട്ടറി) 267 456 7850.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code