Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫാ. സെബാസ്റ്റ്യന്‍ എല്‍.സി പ്രസന്റേഷന്റെ ദൈവദാസ പ്രഖ്യാപനം 12-ന്

Picture

ആലപ്പുഴ: ആലപ്പുഴ വിസിറ്റേഷന്‍ സഭ സ്ഥാപകനായ ഫാ. സെബാസ്റ്റ്യന്‍ എല്‍.സി പ്രസന്റേഷനെ ദൈവദാസനായി 12-ന് പ്രഖ്യാപിക്കും. അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസലിക്കയില്‍ ഉച്ചകഴിഞ്ഞു മൂന്നിനു നടക്കുന്ന ചടങ്ങില്‍ ആലപ്പുഴ രൂപതാധ്യക്ഷന്‍ ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ ഫാ. സെബാസ്റ്റ്യന്‍ എല്‍.സി. പ്രസന്റേഷനെ ദൈവദാസനായി പ്രഖ്യാപിക്കും. ഇതോടനുബന്ധിച്ചു നടക്കുന്ന അനുസ്മരണ സമൂഹദിവ്യബലിയില്‍ കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍ അനുഗ്രഹപ്രഭാഷണം നടത്തും. രൂപതയിലെയും സമീപ രൂപതകളിലെയും വൈദികര്‍ സഹകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് സ്മൃതിമണ്ഡപത്തില്‍ പ്രാര്‍ഥനയും സ്‌നേഹവിരുന്നും നടക്കും.   

ദൈവദാസന്‍ ഫാ. റെയ്‌നോള്‍ഡ് പുരയ്ക്കലിനുശേഷം ദൈവദാസപദവിയിലെത്തുന്ന ആലപ്പുഴ രൂപതയിലെ രണ്ടാമത്തെ വൈദികനാണ് ഫാ. സെബാസ്റ്റ്യന്‍ എല്‍.സി. പ്രസന്റേഷന്‍. 1867 ഓഗസ്റ്റ് 10-ന് കാട്ടൂര്‍ വലിയ തൈയില്‍ പേതൃ സെബാസ്റ്റ്യന്റെയും കത്രീനയുടെയും 12 മക്കളില്‍ നാലാമനായാണ് ഫാ. സെബാസ്റ്റ്യന്‍ എല്‍.സി. പ്രസന്റേഷന്‍ ജനിച്ചത്. കാട്ടൂര്‍ സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസവും ആലപ്പുഴയില്‍ ഹൈസ്‌കൂള്‍ പഠനവും പൂര്‍ത്തിയാക്കിയ അദ്ദേഹം വൈദിക പഠനത്തിനായി ഗോവയിലെ റഷോള്‍ സെമിനാരിയില്‍ ചേര്‍ന്നു. 1893 സെപ്റ്റംബര്‍ 17ന് ഗോവ ആര്‍ച്ച്ബിഷപ്പായിരുന്ന ഡോ. ആന്റണിയോ സെബസ്ത്യാവോ വലന്റയിനില്‍നിന്നു പൗരോഹിത്യം സ്വീകരിച്ചു. ബാച്ചിലര്‍ ഓഫ് ഡിവിനിറ്റി ബിരുദം ഉയര്‍ന്ന നിലയില്‍ പാസായ അദ്ദേഹത്തിന് മലയാളം, തമിഴ് ഭാഷകളെക്കൂടാതെ ഇംഗ്ലീഷ്, ലാറ്റിന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച് ഭാഷകളിലും അഗാധ ജ്ഞാനമുണ്ടായിരുന്നു. കൊച്ചി സാന്താക്രൂസ് സെമിനാരിയില്‍ വൈദിക അധ്യാപകനായി നിയമിതനായ ഫാ. സെബാസ്റ്റ്യന്‍, തിരുവനന്തപുരം കണ്ണാതുറയില്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി പ്രൈമറി സ്‌കൂള്‍ സ്ഥാപിച്ചു. പില്‍ക്കാലത്ത് അര്‍ത്തുങ്കല്‍ അ സിസ്റ്റന്റ് വികാരിയായി നിയമിതനായ അദ്ദേഹം വട്ടയാല്‍, കാട്ടൂര്‍ ഇടവകകളില്‍ വികാരിയായിരുന്നു. ആലപ്പുഴ രൂപത സ്ഥാപിക്കുന്നതിനായി റോമിലേക്ക് എഴുത്തുകുത്തുകള്‍ നടത്തിയവരില്‍ പ്രമുഖനായിരുന്നു ഇദ്ദേഹം. 1898-ല്‍ മുതിര്‍ന്നവരുടെയും കുട്ടികളുടെയും ആത്മീയ ഉണര്‍വും വിദ്യാഭ്യാസവും ലക്ഷ്യമിട്ട് ഫ്രാന്‍സിസ്‌കോയെന്ന സംഘടന സ്ഥാപിച്ച ഫാ. സെബാസ്റ്റ്യന്‍, തീരദേശ ജനത യുടെ സമഗ്രപുരോഗതിയെന്ന ലക്ഷ്യ ത്തോടെ 1903-ല്‍ നസ്രാണി ഭൂഷണ സമാജം സ്ഥാപിച്ചു. 1904-ല്‍ സംഘടനയുടെ ചുമതലയില്‍ അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സീസ് അസീസിയുടെ പേരില്‍ വിദ്യാലയം ആരംഭിച്ചു. 1920 മെയ് ഏഴിന് പെണ്‍കുട്ടികള്‍ക്കായി ഒരു പ്രീപ്രൈമറി സ്‌കൂള്‍ കാട്ടൂര്‍ ഇടവകയില്‍ സ്ഥാപിച്ചു.   

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേകം പ്രത്യേകം സന്യാസ സഭകള്‍ സ്ഥാപിക്കണമെന്ന ആശയം 1898 മുതല്‍ അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നു. ഇതു സംബന്ധിച്ച് അദ്ദേഹം കൊച്ചി രൂപതാധ്യക്ഷനായിരുന്ന ഡോ. ജോസ് ബെന്റോ മാര്‍ട്ടിന്‍ റിബെയിരോയുമായി ആശയവിനിമയം നടത്തി. തുടര്‍ന്ന് കാട്ടൂര്‍ ഇടവകയില്‍ സ്ത്രീകള്‍ക്കായി ഒരു സന്യാസ മഠം ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇതിനായി കൊച്ചി, കോട്ടയം രൂപതകളിലെ മെത്രാന്‍മാരുടെ അനുമതിയോടെ 1892-ല്‍ കൈപ്പുഴയില്‍ ആരംഭിച്ച വിസിറ്റേഷന്‍ സന്യാസ സഭയിലെ രണ്ടു സന്യാസിനികള്‍ കാട്ടൂരിലാരംഭിക്കുന്ന തിരുകുടുംബ മഠത്തിന്റെ പരിശീലകരായി എത്തി. ഇതിലൊരാള്‍ ദൈവദാസന്‍ ഫാ. റെയ്‌നോള്‍ഡ് പുരയ്ക്കലിന്റെ പിതൃസ ഹോദരി സിസ്റ്റര്‍ ഫിലിപ്പാമ്മയായിരുന്നു.

1924-ല്‍ ജനുവരി 29-ന് കാട്ടൂര്‍ തിരുകുടുംബ സന്യാസിനി മഠം ആരംഭിച്ചതോടെ ഫാ. സെബാ സ്റ്റ്യന്റെ പരിശ്രമം സഫലീകൃതമാകുകയായിരുന്നു. ദൈവദാസ പ്രഖ്യാപനത്തെക്കുറിച്ചു വിശദീകരിക്കാന്‍ നടത്തിയ പത്രസമ്മേളനത്തില്‍ വിസിറ്റേഷന്‍ ജനറലേറ്റ് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ലീലാ ജോസ്, ഫാ. യേശുദാസ് കാട്ടുങ്കല്‍ത്തൈയില്‍, ഫാ. ഇഗ്നേഷ്യസ് ചുള്ളിക്കല്‍, പി.ജെ. ഫ്രാന്‍സിസ്, സിസ്റ്റര്‍ മേരി ജമ്മാ, സിസ്റ്റര്‍ മേരി കരോളിന്‍, സിസ്റ്റര്‍ റോസ് സേവ്യര്‍, സിസ്റ്റര്‍ ട്രീസാ ജയിംസ്, അനീഷ് ആറാട്ടുകുളം തുടങ്ങിയവര്‍ സംബന്ധിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code