Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പരിസ്ഥിതി സംരക്ഷണ റിപ്പോര്‍ട്ടുകള്‍ ഏകപക്ഷീയമായി നടപ്പാക്കരുത്: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

Picture

ആലക്കോട്: മലയോര കുടിയേറ്റ കര്‍ഷകരുടെ താമസത്തിനും ജീവിതവൃത്തിക്കും തടസമാകുന്ന രീതിയില്‍ പരിസ്ഥിതി സംരക്ഷണ റിപ്പോര്‍ട്ടുകള്‍ ഏകപക്ഷീയമായി നടപ്പാക്കാനുള്ള നീക്കം ശരിയല്ലെന്നു സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ജനാധിപത്യ സംവിധാനത്തില്‍ ഭരണാധികാരികളെ നേര്‍ദിശയില്‍ ചിന്തിപ്പിക്കാനുള്ള ഉത്തരവാദിത്വം ജനങ്ങള്‍ക്കുണെ്ടന്നും അദ്ദേഹം പറഞ്ഞു. തലശേരി അതിരൂപതയിലെ അജപാലന സന്ദര്‍ശനത്തിന്റെ ഭാഗമായി ആലക്കോട് ഫൊറോനാ ദേവാലയത്തില്‍ എത്തിയ കര്‍ദ്ദിനാള്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.

മാധവ് ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളിലെ നിര്‍ദേശങ്ങള്‍ ജനപ്രാതിനിധ്യ സ്വഭാവമുള്ള സമിതികളില്‍ ചര്‍ച്ച ചെയ്യണമെന്നുള്ളതാണു സഭയുടെ നിലപാട്. പരിസ്ഥിതി പരിപാലിക്കപ്പെടണം. മനുഷ്യന്റെ ജീവിത സാഹചര്യങ്ങളെല്ലാം മാലിന്യ വിമുക്തമാവുകയും വേണം. പരി സ്ഥിതി സംരക്ഷണ റിപ്പോര്‍ട്ടുകളെയല്ല എതിര്‍ക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ നീക്കം നടത്തുന്ന ജനദ്രോഹ നടപടികളോടാണു സഭയ്ക്ക് എതിര്‍പ്പ്. ഇക്കാര്യത്തില്‍ സഭാവിശ്വാസികളുടെ നേതൃത്വത്തില്‍ നടക്കുന്ന പോരാട്ടങ്ങള്‍ ധാര്‍മികതയിലും വിശ്വാസമൂല്യങ്ങളിലും അധിഷ്ഠിതമായുള്ളതാണെന്നും മേജര്‍ ആര്‍ച്ച്ബിഷപ് ചൂണ്ടിക്കാട്ടി. കുടിയേറ്റ കര്‍ഷകരാണ് ഏറ്റവും വലിയ പരിസ്ഥിതി സംരക്ഷകര്‍. അവര്‍ക്ക് താമസിക്കുന്ന സ്ഥലം പുണ്യഭൂമിയാണ്.

മണ്ണും പരിസ്ഥിതിയും അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തേക്കുറിച്ചും അവര്‍ക്കു ബോധ്യമുണ്ട്. മലബാര്‍ കുടിയേറ്റം ലോകത്തിനു മാതൃകയും പ്രചോദനവുമായിരുന്നു. തിരുവിതാംകൂറില്‍നിന്നു കുടിയേറ്റക്കാര്‍ മലബാറിലേക്ക് എത്തിയിരുന്നില്ലെങ്കില്‍ മലബാറിന്റെ അവസ്ഥ ഏതു നിലയില്‍ ആയിരുന്നേനെയെന്നു കുടിയേറ്റക്കാരെ വിമര്‍ശിക്കുന്നവര്‍ ചിന്തിക്കണം. കാര്‍ഷികമേഖലയിലെ പ്രതിസന്ധിയും പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിലുള്ള നിയമനടപടികളും ഭീതിജനകമായ സ്ഥിതിവിശേഷം ഇന്നു കുടിയേറ്റ ഗ്രാമങ്ങളില്‍ സൃഷ്ടിച്ചിട്ടുണ്ട്. തങ്ങളുടെ മണ്ണില്‍നിന്നു കുടിയിറങ്ങാന്‍ നിര്‍ബന്ധിതരാകുന്ന സ്ഥിതിവിശേഷമാണു മലയോരങ്ങളിലുള്ളത്.

ഭീഷണിയും വെല്ലുവിളികളും വലുതാണെങ്കിലും ദൈവത്തില്‍ പ്രത്യാശവച്ചു പ്രതിസന്ധികളെ ധീരമായി നേരിടണം. അതിനുള്ള കൂട്ടായ്മയും ധീരമായ നേതൃത്വവും നിലവിലുണ്ട്. പാരമ്പര്യങ്ങളും വിശ്വാസമൂല്യങ്ങളും സംരക്ഷിക്കുന്നതിനും തലമുറകളിലേക്കു പകര്‍ന്നുനല്‍കാനും ആദ്യതലമുറ കാണിച്ച ഉത്സാഹമാണു മലബാര്‍ കുടിയേറ്റത്തെ ദൈവാനുഗ്രഹപ്രദമാക്കിയതെന്നും മേജര്‍ ആര്‍ച്ച്ബിഷപ് പറഞ്ഞു.

ക്രൈസ്തവ കുടുംബങ്ങള്‍ വിശ്വാസത്തിലധിഷ്ഠിതമായ ജീവിത മാതൃക സമൂഹത്തിനു നല്‍കണമെന്ന് ആലക്കോട് ഫൊറോനാ ദേവാലയത്തില്‍ വിശ്വാസികളെ ആശീര്‍വദിച്ചു സംസാരിക്കവേ മേജര്‍ ആര്‍ച്ച്ബിഷപ് പറഞ്ഞു. കുടുംബങ്ങളില്‍ കുട്ടികള്‍ക്കായി വിശ്വാസപരിശീലനം ആരംഭിക്കണം. മാതാപിതാക്കള്‍ മക്കള്‍ക്കു മാതൃകയാകണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.

തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം, സീറോ മലബാര്‍സഭാ ചാന്‍സലര്‍ റവ. ഡോ. ആന്റണി കൊള്ളന്നൂര്‍, തലശേരി അതിരൂപതാ ചാന്‍സലര്‍ റവ. ഡോ. ജോര്‍ജ് കുടില്‍ എന്നിവര്‍ക്കൊപ്പം ഇന്നലെ രാവിലെ 8.30ന് ആലക്കോട് സെന്റ് മേരീസ് ഫൊറോനാ ദേവാലയത്തില്‍ എത്തിയ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് വൈദികരും കന്യാസ്ത്രീകളും വിശ്വാസികളും ചേര്‍ന്ന് ഊഷ്മളമായ വരവേല്പ് നല്‍കി. ചെറുപുഴ ഫൊറോന വികാരി റവ. ഡോ. ജോസഫ് വാരണത്ത്, വായാട്ടുപറമ്പ് ഫൊറോനാ വികാരി റവ. ഡോ. തോമസ് ചിറ്റിലപ്പിള്ളി, ആലക്കോട് ഫൊറോനാ വികാരി ഫാ. ആന്റണി ആനക്കല്ലില്‍, മേരിഗിരി ഫൊറോന വികാരി ഫാ. തോമസ് ആമക്കാട്ട് തുടങ്ങിയവരുടെ നേതൃത്വത്തില്‍ മാര്‍ ആലഞ്ചേരിയെ സ്വീകരിച്ച് ദേവാലയത്തിലേക്ക് ആനയിച്ചു.

ആലക്കോട്, വായാട്ടുപറമ്പ്, മേരിഗിരി, ചെറുപുഴ ഫൊറോനകളില്‍ നിന്നായി നൂറുകണക്കിനു വിശ്വാസികള്‍ കര്‍ദിനാളിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. വിവിധ പള്ളികളില്‍നിന്നുള്ള കൈക്കാരന്മാര്‍, സംഘടനാ ഭാരവാഹികള്‍, സന്യാസിനീ-സന്യാസികള്‍, മാതാക്കള്‍, യുജനങ്ങള്‍, അധ്യാപകര്‍ എന്നിവരുടെ പ്രതിനിധികളുമായി ആശയവിനിമയം നടത്തിയശേഷം കര്‍ദിനാള്‍ വെള്ളരിക്കുണ്ടിലേക്കു പോയി. ഇന്നു രാവിലെ 9.30ന് മേജര്‍ ആര്‍ച്ച്ബിഷപ് തലശേരി അതിരൂപതയിലെ വൈദികരുടെ സമ്പൂര്‍ണ സമ്മേളനത്തെ തലശേരി സന്ദേശ്ഭവനില്‍ അഭിസംബോധന ചെയ്യും. ഉച്ചകഴിഞ്ഞു രണ്ടിന് അതിരൂപതയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ അത്മായ സംഘടനാ ഭാരവാഹികളുടേയും മറ്റ് അത്മായ നേതാക്കളുടേയും സമ്മേളനത്തിലും പങ്കെടുക്കും. വൈകുന്നേരം 6.30 ന് തലശേരി സെന്റ്‌ജോസഫ് കത്തീഡ്രലില്‍ വിശുദ്ധകുര്‍ബാനയര്‍പ്പിക്കും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code