ആലുവ: ആലുവയിലെ താമസസ്ഥലത്ത് കഴുത്തില്‍ കുരുക്കിട്ട നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ജോയ്സി(20)യുടെ മൃതദേഹമാണ് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്.
ആലുവ പറവൂര്‍ കവലയിലുള്ള മാര്‍ക്കറ്റിങ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ജോയ്സിയുടെ മൃതദേഹം ഞായറാഴ്ച രാത്രി ഏഴോടെ കൂടെ താമസിക്കുന്ന പെണ്‍കുട്ടിയാണ് ആദ്യം കണ്ടത്. ഇവര്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ ചുരിദാറിന്റെ ഷാള്‍ കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയിലായിരുന്നു മൃതദേഹം. സമീപത്ത് കസേരയും ഉണ്ടായിരുന്നെങ്കിലും കാലുകള്‍ തറയില്‍ ചവിട്ടിയ നിലയിലായിരുന്നു എന്നതാണ് സംശയമുണ്ടാക്കുന്നത്.
ഇന്നലെ ഉച്ചക്ക് ജോയ്സി വീട്ടിലേക്ക് വിളിച്ചിരുന്നെന്നും സന്തോഷത്തോടെയാണ് സംസാരിച്ചിരുന്നതെന്നും ബന്ധുക്കള്‍ പറയുന്നു. ആത്മഹത്യ ചെയ്യാന്‍ യാതൊരു കാരണവുമില്ലെന്നും വിശദമായ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments