Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫ്രാന്‍സിസ് മാര്‍പാപ്പ പൗരോഹിത്യ സുവര്‍ണ ജൂബിലി നിറവില്‍

Picture

വത്തിക്കാന്‍സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഡിസംബര്‍ പതിമൂന്നിന് ആഘോഷിക്കുന്നു. അമ്പതാം വാര്‍ഷികത്തില്‍ പ്രത്യേക പ്രാര്‍ഥനകളാണ് വത്തിക്കാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡിസംബര്‍ എട്ടിന് റോം അതിരൂപതയിലെ എല്ലാ പള്ളികളിലും ഇതിനായി തയാറാക്കിയ പ്രത്യേക പ്രാര്‍ഥന വായിച്ചു കഴിഞ്ഞു.

 

1969 ഡിസംബര്‍ പതിമൂന്നിനാണ് ഹോര്‍ഹെ മരിയോ ബെര്‍ഗോഗ്‌ളിയോ എന്ന ഇന്നത്തെ മാര്‍പാപ്പ പൗരോഹിത്യം സ്വീകരിച്ചത്. അര്‍ജന്‍റീനയിലെ ബ്യൂനസ് ഐറസില്‍ വെച്ച് കോര്‍ജോബ ആര്‍ച്ച് ബിഷപ്പ് മോണ്‍ റാമോണ്‍ ഹോസെ കാസ്റ്റലാനോയാണ് പൗരോഹിത്യം നല്‍കിയത്. ഈശോ സഭാംഗമായ ഫാ. ബര്‍ഗോളിയോ ആദ്യകാലങ്ങളില്‍ സന്യാസ സമര്‍പ്പണത്തിനൊപ്പം അജപാലന ശുശ്രൂഷയും നടത്തിവന്നു.

 

തുടര്‍ന്ന് ഫാ. ബര്‍ഗോളിയോ 1973ല്‍ ഈശോ സഭയുടെ അര്‍ജന്‍റീനയിലെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സേവനമനുഷ്ഠിച്ചു. 1979 വരെ തല്‍സ്ഥാനത്ത് തുടര്‍ന്ന അദ്ദേഹം 1992ല്‍ അദ്ദേഹം ബ്യൂനസ് ഐറസ് അതിരുപതയുടെ സഹായമെത്രാനായും, 1998ല്‍ മെത്രാപ്പോലീത്തയായും നിയമിതനായി. ബ്യൂനസ് ഐറസ് അതിരൂപതാദ്ധ്യക്ഷനായി സേവനത്തിലിരിയ്‌ക്കേവേ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായാണ് ആര്‍ച്ചുബിഷപ്പ് ബര്‍ഗോളിയോയെ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് ഉയര്‍ത്തിയത്.

 

അര്‍ജന്‍റീനയിലെ അഭ്യന്തര കലാപസമയങ്ങളില്‍ കര്‍ദ്ദിനാള്‍ ബര്‍ഗോളിയോ കത്തോലിക്കാ സഭയെ നേര്‍വഴിയില്‍ നയിക്കാന്‍ ഒത്തിരി പാടുപെട്ടിരുന്നു. എവിടെയും പൊതുസമ്മതനായിരുന്ന കര്‍ദ്ദിനാളിന്റെ ഇടപെടലുകള്‍ സ്വീകാര്യത നേടുകയും ജനങ്ങള്‍ക്കിടയില്‍ സ്വാധീനവും പ്രീതിയും വര്‍ദ്ധിച്ചിരുന്നു. ഒരു രാഷ്ട്രീയ ശത്രുവായിട്ടാണ് അദ്ദേഹത്തെ രാഷ്ട്രീയ വിപ്‌ളവകാരികള്‍ കണ്ടിരുന്നത്.

 

2013 ഫെബ്രുവരി 28ന് ബെനഡിക്ട് പതിനാറാമന്‍ പാപ്പാ സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്നാണ് മാര്‍ച്ച് 13 ന് കര്‍ദ്ദിനാള്‍ ബര്‍ഗോളിയോ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെടുന്നത്. ഈശോ സഭയില്‍നിന്നും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും സഭാതലപ്പത്ത് എത്തുന്ന ആദ്യത്തെ നോണ്‍ യൂറോപ്യന്‍ ആളാണ് ഫ്രാന്‍സിസ് പാപ്പാ.സഭാ പ്രബോധനങ്ങളിലും സുവിശേഷ മൂല്യങ്ങളിലും അടിയുറച്ച വ്യക്തമായ നിലപാടുകളുള്ള വ്യക്തിയാണ് ഫ്രാന്‍സിസ് പാപ്പാ. എന്നും പാവങ്ങളുടെ പക്ഷംപടിച്ച് വേണ്ടതു തക്ക സമയത്ത് ഉറക്കെ പ്രഖ്യാപിയ്ക്കാനും പാപ്പായ്ക്ക് ഒട്ടും മടിയില്ല.അതുകൊണ്ടുതന്നെ പാപ്പായെ വിമോചന ദൈവശാസ്ത്രത്തിന്‍റെ മൗലികവാദിയായും, മാര്‍ക്‌സിസ്‌ററ് ചിന്താഗതിക്കാരനായും ലോകം ചിത്രീകരിക്കുന്നു.

 

ക്രിസ്തുവിന്‍റെ സഭയില്‍ നടക്കുന്ന പൈശാചികക്കെതിരെ ശബ്ദമുയര്‍ത്തി ഒരു നവീകരണത്തിന്റെ പാത തെളിയ്ക്കാനും അതുവഴി സുവിശേഷമൂല്യങ്ങളും ക്രിസ്ത്വാനുകരണവും നടപ്പാക്കാനും പാപ്പാ വെമ്പല്‍ കൊള്ളുന്നത് പലരേയും ആകര്‍ഷിക്കുന്നുണ്ട്.

 

പാപ്പായുടെ പ്രബോധനങ്ങളും,പദ്ധതികളും ലാളിത്യത്തിന്റെ മകുടോദാഹരണങ്ങളാണ്. അദ്ദേഹത്തിന്റെ ജീവിത ശൈലിയില്‍ അത് ഏറെ പ്രകടമാണ്.കരുണയാണ് ദൈവമെന്നു പഠിപ്പിയ്ക്കുന്ന പാപ്പാ ആഗോളതലത്തില്‍ വിശ്വാസികളുടെ മാത്രമല്ല, മറ്റു സമുദായക്കാരുടെയും പ്രിയഭാജനമാണ്. അപ്പസ്‌തോലിക അരമനയില്‍ നിന്നൊഴിഞ്ഞ് സുഖലോലുപത വെടിഞ്ഞ് വത്തിക്കാന്‍റെ അതിഥി മന്ദിരമായ സാന്താമാര്‍ത്തായിലാണ് പാപ്പാ വസിയ്ക്കുന്നത്.അവിടെയാണ് വൈദികര്‍ക്കും മറ്റു മെത്രാന്മാരും താമസിയ്ക്കുന്നത്.

 

പുഞ്ചിരിയിലൂടെ മാനുഷിക മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ഫ്രാന്‍സിസ് പാപ്പാലാളിത്യത്തിന്റെ വിശ്വരൂപവും പര്യായവുമാണ് ലോകത്തുള്ള ബഹുഭൂരിപക്ഷം പാവങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരു കൂട്ടായ്മയുടെ സംസ്ക്കാരത്തിന്‍റെ അംബാസഡര്‍ ആണ് പാപ്പാ. പൊതുഭവനമായ ഭൂമി അടിയന്തിരമായി സംരക്ഷിക്കുകയും, ഭാവി തലമുറയെ നന്നായി വാര്‍ത്തെടുക്കണമന്നെ് ലോകനേതാക്കളെ എന്നും ഉദ്‌ബോധിപ്പിയ്ക്കുന്ന പാപ്പായുടെ വാക്കുകള്‍ക്ക് ലോകം പ്രാധാന്യവും എന്നും ചെവി യും കൊടുക്കാറുമുണ്ട്.

 

അതിലുപരി ശാന്തിയുടെ ദൂതനും സമാധാനത്തിന്റെ വക്താവുമാണ് എണ്‍പത്തിരണ്ടുകാരനായ ഫ്രാന്‍സിസ് പാപ്പാ.സുവര്‍ണ്ണജൂബിലിയുടെ ജൂബിലിനാളില്‍ സ്‌നേഹവന്ദനവും മംഗളങ്ങളും നേരുന്നു.

 

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code