Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നടന്‍ പി.സി. ജോര്‍ജ് അന്തരിച്ചു, പ്രായിക്കര അപ്പ ഇനി ഓര്‍മ്മകളില്‍

Picture

കൊച്ചി: വില്ലന്‍ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയനായ നടന്‍ പി.സി. ജോര്‍ജ് (74) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൃശൂര്‍ കൊരട്ടി സ്വദേശിയായിരുന്നു. പൊലീസുകാരനായിരുന്ന പി.സി. ജോര്‍ജ്, എസ് പിയായാണ് വിരമിച്ചത്. 68 ഓളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു.

ചാണക്യന്‍, അഥര്‍വം, ഇന്നലെ, സംഘം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് . കെ.ജി. ജോര്‍ജ്, ജോഷി തുടങ്ങി മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകര്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചു. സംഘം സിനിമയിലെ പ്രായിക്കര അപ്പ ആണ് ശ്രദ്ധേയമായ കഥാപാത്രം. നാടകത്തിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്.

സിനിമാക്കാര്‍ക്കിടയിലെ കാക്കിയണിഞ്ഞ കലാകാരന്‍ ആയിരുന്നു ജോര്‍ജ്. കുട്ടിക്കാലത്ത് തന്നെ നാടകങ്ങളോടും സിനിമയോടും പി സി ജോര്‍ജ് ആകൃഷ്ടനായി. സ്കൂള്‍ വേദികളില്‍ അനുകരണ കലയിലും നാടകങ്ങളിലും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. മാതാപിതാക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും ലഭിച്ച പിന്തുണയും പ്രോത്സാഹനവും ആ രംഗത്ത് മുന്നേറുവാന്‍ അദ്ദേഹത്തെ സഹായിച്ചു. കലയ്ക്ക് പുറമേ കായിക രംഗത്തും അദ്ദേഹം മികവ് തെളിയിച്ചു. കോളജ് വിദ്യാഭ്യാസ കാലത്ത് മിമിക്രിയിലും മോണോ ആക്ടിലും നിരവധി സമ്മാനങ്ങള്‍ അദ്ദേഹം വാരിക്കൂട്ടി. ചെറുപ്പ കാലം മുതലെയുള്ള തന്റെ ആഗ്രഹം സഫലീകരിക്കാനായി പഠനത്തിനു ശേഷം അദ്ദേഹം പൊലീസില്‍ ഓഫീസറായി ചേര്‍ന്നു. ആ കാലം മുതല്‍ക്കു തന്നെ വയലാര്‍ രാമവര്‍മ്മ, കെ.ജി. സേതുനാഥ് എന്നിവരുമായി സൗഹൃദത്തിലായിരുന്നു. ഇതിനിടയില്‍ ചില പ്രൊഫഷനല്‍ നാടകങ്ങളില്‍ അദ്ദേഹം അഭിനയിക്കുകയും ചെയ്തു.

തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റമുണ്ടായപ്പോള്‍ മെറിലാന്‍ഡ് സുബ്രഹ്മണ്യനെ( പി. സുബ്രഹ്മണ്യം) പോയി കാണുകയും, സ്റ്റുഡിയോ ചുറ്റി കാണുന്നതിനിടയില്‍ അദ്ദേഹം ജോര്‍ജിനോട് ഒരു വേഷം ചെയ്യാമോ എന്ന് ചോദിക്കുകയും ചെയ്തു. ജോലി ഒരു പ്രശ്‌നമല്ല എന്നും റോള്‍ തന്നാല്‍ അഭിനയിക്കാമെന്നും ജോര്‍ജ് മുതലാളിക്ക് മറുപടി നല്‍കി. ജോര്‍ജിന്റെ ബാച്ചില്‍ എസ്‌ഐ ആയി ജോലി നോക്കിയിരുന്ന നടന്‍ അസീസ് സിനിമയില്‍ അഭിനയിക്കാനായി പൊലീസ് വകുപ്പില്‍ നിന്നും അനുവാദം വാങ്ങിയത് അദ്ദേഹത്തിനു പ്രചോദനമായി. ജോര്‍ജിന്റെ അപേക്ഷയും വകുപ്പ് സ്വീകരിച്ചു. ആ അവസരത്തില്‍ അദ്ദേഹം സുബ്രഹ്മണ്യന്‍ റോളിനായി സമീപിക്കുകയും അംബ അംബിക അംബാലിക എന്ന ചിത്രത്തില്‍ മുതലാളി ജോര്‍ജിന് വേഷം നല്‍കുകയും ചെയ്തു. ചെറുതെങ്കിലും ആ ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ അദ്ദേഹത്തെ തേടി കൂടുതല്‍ അവസരങ്ങള്‍ വന്നു.രാമു കാര്യാട്ടിന്റെ ദ്വീപ്, സുബ്രഹ്മണ്യന്‍ മുതലാളിയുടെ തന്നെ വിടരുന്ന മൊട്ടുകള്‍, ശ്രീമുരുകന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. സുബ്രഹ്മണ്യന്‍ മുതലാളി അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളിലും ഒരു വേഷം ജോര്‍ജിനായി കരുതി വച്ചിരുന്നു.

പിന്നീട് ചെറിയ വേഷങ്ങളില്‍ നിന്നും മാറി നല്ല കഥാപാത്രങ്ങള്‍ അദ്ദേഹത്തെ തേടി വന്നു. പൊലീസുകാരനായും, വില്ലനായും, ക്യാരക്ടര്‍ റോളുകളിലുമെല്ലാം അദ്ദേഹം തിരശ്ശീലയിലെത്തി. ആദ്യകാലങ്ങളില്‍ സിനിമയും ഔദ്യോഗിക ജീവിതവും ഒരുമിച്ച് കൊണ്ടുപോയെങ്കിലും, ഇടക്ക് പൂര്‍ണമായും സിനിമയില്‍ നിന്ന് മാറി നില്‍ക്കേണ്ട സാഹചര്യമുണ്ടായപ്പോള്‍ അദ്ദേഹം തിരികെ ജോലിയില്‍ പ്രവേശിച്ചു. അത് മൂലം ഒട്ടനവധി ചിത്രങ്ങളില്‍ അദ്ദേഹത്തിനു അഭിനയിക്കാന്‍ കഴിയാതെ പോയി. പിന്നീട് അഭിനയ രംഗത്ത് സജീവമായ അവസരത്തില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ അദ്ദേഹത്തെ തേടി എത്തി. ശാരീരിക ആസ്വാസ്ഥ്യം മൂലം കുറച്ചു കാലമായി കലാരംഗത്ത് അദ്ദേഹം സജീവമല്ലായിരുന്നു. ഭാര്യ: കൊച്ചു മേരി മക്കള്‍: കനകാംബലി, കാഞ്ചന, സാബന്റിജോ.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code