Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫിലാഡല്‍ഫിയയില്‍ വിശുദ്ധവാരാചരണം ഭക്തിനിര്‍ഭരമായി   - ജോസ് മാളേയ്ക്കല്‍

Picture

ഫിലാഡല്‍ഫിയ: യേശുക്രിസ്തു തന്റെ പരസ്യജീവിതത്തിനു വിരാമം കുറിച്ചുകൊണ്ട് രാജകീയശോഭയില്‍ നടത്തിയ ജറുസലേം നഗര പ്രവേശനത്തിന്റെ ഓര്‍മ്മപുതുക്കി ഏപ്രില്‍ 2 ഞായറാഴ്ച ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്കൊപ്പം ഫിലാഡല്‍ഫിയ സെ. തോമസ് സീറോമലബാര്‍ ഫൊറോനാപള്ളിയും ഓശാനത്തിരുനാള്‍ ആചരിച്ചു. 

കഴുതപ്പുറത്തേന്തി വിനയാന്വീതനായി വിജയശ്രീലാളിതനായ രാജാവിനെപ്പോലെ അനുയായികളുടെ ഓശാനഗീതങ്ങളും, വരവേല്പ്പുകളും, ഒലിവു മരക്കൊമ്പുകള്‍ വീശിയുള്ള ജയ്‌വിളികളും ഏറ്റുവാങ്ങിയുള്ള ജറുസലം പട്ടണപ്രവേശനം യേശുവിന്റെ 3 വര്‍ഷത്തെ പരസ്യജീവിതത്തിന് അന്ത്യം കുറിക്കുകയും, വിശുദ്ധവാരത്തിലേക്കുള്ള കവാടം തുറക്കുകയും ചെയ്തു.

ഞായറാഴ്ച രാവിലെ ഒമ്പതുമണിക്ക് ഇടവകവികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, ബനഡിക്ടൈന്‍ സഭാംഗവും, റോമിലെ സെ. ഗ്രിഗറി ആശ്രമത്തിന്റെ സുപ്പീരിയറുമായ റവ. ഫാ. ജോര്‍ജ് നെല്ലിയാനില്‍ എന്നിവര്‍ കാര്‍മ്മികരായി ഓശാനപ്പെരുനാളിന്റെ തിരുക്കര്‍മ്മങ്ങള്‍ നടന്നു. കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോലകള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, 'വാതിലുകളെ തുറക്കുവിന്‍' എന്നുല്‍ഘോഷിച്ചുകൊണ്ടു പ്രധാനദേവാലയ കവാടം മുട്ടിത്തുറന്നുള്ള ദേവാലയപ്രവേശനം, വിശുദ്ധ കുര്‍ബാന എന്നിവയായിരുന്നു യേശുനാഥന്റെ രാജകീയ ജറുസലം പ്രവേശനത്തെ അനുസ്മരിപ്പിക്കുന്ന ഓശാനപ്പെരുന്നാളിന്റെ ചടങ്ങുകള്‍. ആശീര്‍വദിച്ച കുരുത്തോലകള്‍ കൈകളിലേന്തി ഓശാനഗീതങ്ങള്‍ ഈണത്തില്‍പാടി ഇടവകജനങ്ങള്‍ ഭക്തിനിര്‍ഭരമായി ഓശാനത്തിരുനാള്‍ ആചരിച്ചു. 

ഏപ്രില്‍ 6 പെസഹാവ്യാഴാഴ്ച്ച 7 മണിക്കാരംഭിച്ച ശുശ്രൂഷകള്‍ക്ക് ഇടവകവികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീലും, കപ്പുച്ചിന്‍ സഭാംഗമായ എബി അച്ചനും നേതൃത്വം നല്കി. അന്ത്യ അത്താഴവേളയില്‍ യേശു തന്റെ ശിഷ്യന്മാന്മാടെ പാദങ്ങള്‍ കഴുകിക്കൊണ്ട് വിനയത്തിന്റെ മാതൃക കാട്ടിയതിനെ അനുസ്മരിച്ച് 12 യുവജനങ്ങളുടെ കാല്‍കഴുകല്‍ ശുശ്രൂഷ, വിശുദ്ധകൂര്‍ബാനയുടെയും, പൗരോഹിത്യത്തിന്റെയും സ്ഥാപന ശുശ്രൂഷകളെ അനുസ്മരിച്ചുകൊണ്ടുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ എന്നിവ വ്യാഴാഴ്ച്ച നടന്നു. പള്ളിയില്‍തന്നെ വിശേഷാല്‍ തയാറാക്കിയ ഇണ്ട്രി അപ്പവും, പാലും എല്ലാവര്‍ക്കും നല്‍കി.

നമ്മുടെ കര്‍ത്താവിന്റെ പീഡാസഹനങ്ങളെ അനുസ്മരിച്ച് ദുഖവെള്ളിയാഴ്ച്ച പീഡാനുഭവചരിത്രവായന, നഗരികാണിക്കല്‍ പ്രദക്ഷിണം, പള്ളിക്ക് വെളിയിലൂടെയുള്ള ഭക്തിനിര്‍ഭരമായ കുരിശിന്റെ വഴി, ഒരുനേരഭക്ഷണം എന്നിവ നടന്നു.

പ്രത്യാശയുടെയും, പ്രകാശത്തിന്റെയും, ആഹ്ലാദത്തിന്റെയും, നവജീവന്റെയും തിരുനാളായ ക്രിസ്തുവിന്റെ തിരുവുത്ഥാനം ആഗോളക്രൈസ്തവര്‍ക്കൊപ്പം ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാപള്ളിയിലും വിശ്വാസചൈതന്യ നിറവില്‍ ഭക്തിസാന്ദ്രമായ കര്‍മ്മങ്ങളോടെ ആഘോഷിക്കപ്പെട്ടു. 

ഏപ്രില്‍ 8 ശനിയാഴ്ച്ച വൈകുന്നേരം 7 മണിക്കാരംഭിച്ച ഈസ്റ്റര്‍ വിജില്‍ സര്‍വീസിനു ഇടവകവികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, കപ്പുച്ചിന്‍ സഭാംഗമായ എബി അച്ചന്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. യേശുവിന്റെ കുരിശുമരണം ലോകത്തില്‍ അന്ധകാരം പടര്‍ത്തിയപ്പോള്‍ ഉത്ഥാനം പ്രകാശം ചൊരിഞ്ഞു. ക്രിസ്തു ലോകത്തിന്റെ പ്രകാശമാകുന്നു എന്നതിനെ അനുസ്മരിച്ചുകൊണ്ട് ഉത്ഥാനചടങ്ങിനുശേഷം ഫാ. കുര്യാക്കോസ് ഈസ്റ്റര്‍ തിരിതെളിച്ചു. മാനവരാശി ഭയത്തോടെ വീക്ഷിച്ചിക്കുന്ന മരണത്തെ കീഴടക്കി പ്രത്യാശയുടെ സന്ദേശം നല്‍കി ഉത്ഥാനം ചെയ്ത യേശുവിന്റെ സമാധാനം വൈദികര്‍ എല്ലാവര്‍ക്കും ആശംസിച്ചു. 

വസന്തത്തിലെ ഇളംനിറങ്ങളിലുള്ള പുതുവസ്ത്രങ്ങള്‍ അണിഞ്ഞെത്തിയ ബാലികാബാലന്മാരും, യുവതീയുവാക്കളും, ഇടവകജനങ്ങളും വൈദികരുടെ നേതൃത്വത്തില്‍ ഉത്ഥാനംചെയ്ത യേശുവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് പള്ളിക്ക് വെളിയിലൂടെ നടത്തിയ പ്രദക്ഷിണം മനോഹരമായി. യേശുവിന്റെ 33 വര്‍ഷത്തെ ഈലോക ജീവിതത്തെ അനുസ്മരിച്ചുകൊണ്ട് പരിശുദ്ധിയുടെ പ്രതീകങ്ങളായ  ലില്ലിപ്പൂക്കള്‍ 33 യുവതീയുവാക്കള്‍ അള്‍ത്താരയില്‍ ഉത്ഥിതനായ യേശുവിന്റെ രൂപത്തിനു ചുറ്റും പ്രതിഷ്ഠിച്ചു വണങ്ങി.

മികച്ച വാഗ്മികൂടിയായ എബി അച്ചന്‍ പെസഹാവ്യാഴം മുതല്‍ ഉയിര്‍പ്പു ഞായര്‍ വരെ എല്ലാദിവസങ്ങളിലും വളരെ അര്‍ത്ഥവത്തായതും, ലളിതവുമായ സന്ദേശം പങ്കുവച്ചു. കുരിശുമരണത്താല്‍ മരണത്തെ എന്നെന്നേക്കുമായി കീഴടക്കി ഉത്ഥാനം ചെയ്ത ക്രിസ്തുവിന്റെ സമാധാനം നമ്മുടെ ജീവിതത്തില്‍ ശാശ്വതമായി ലഭിക്കണമെങ്കില്‍ ക്രിസ്തു തന്റെ ജീവിതത്തിലൂടെ പഠിപ്പിച്ചതും, മാതൃക കാണിച്ചുതന്നതുമായ കാര്യങ്ങള്‍ നമ്മുടെ അനുദിന ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണമെന്ന് എബി അച്ചന്‍ ഉത്‌ബോധിപ്പിച്ചു.  വിശുദ്ധവാരതിരുക്കര്‍മ്മങ്ങളില്‍ ഇടവകയിലെ 450 ല്‍ പരം കുടുംബങ്ങള്‍ പങ്കെടുത്തു     

             ഫോട്ടോ: ജോസ് തോമസ് / എബിന്‍ സെബാസ്റ്റ്യന്‍

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code