Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വൈക്കം സത്യാഗ്രഹ സമരത്തിന്റെ നൂറാം വാര്‍ഷിക ചടങ്ങില്‍ ഐ.ഒ.സി കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് ലീല മാരേട്ട് പങ്കെടുത്തു

Picture

വൈക്കം: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ പ്രസിഡന്റ് ലീല മാരേട്ട് വൈക്കം സത്യാഗ്രഹ സമരത്തിന്റെ നൂറാം വാര്‍ഷിക ചടങ്ങില്‍ നിറ സാന്നിധ്യമായി.

ന്യൂയോര്‍ക്കിലെ വിവിധ മലയാളി സംഘടനകളിലും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ ഓവര്‍സീസ് വിഭാഗത്തിലും ഫൊക്കാനയിലും വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ലീല ന്യൂയോര്‍ക്കിലെയും അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെയും ഇന്ത്യന്‍ സമൂഹത്തില്‍ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകയാണ്. കഴിഞ്ഞ ഏതാനും വര്‍ഷമായി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ അമേരിക്കയിലെ കേരളാ ചാപ്റ്റര്‍ പ്രസിഡന്റായി പ്രവര്‍ത്തിക്കുകയാണ് ലീല.

അന്‍പതു വര്‍ഷം പൂര്‍ത്തീകരിച്ച ന്യൂയോര്‍ക്കിലെ ആദ്യകാല സംഘടനയായ കേരളാ സമാജം സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്കിന്റെ മുന്‍കാല പ്രസിഡന്റും സെക്രട്ടറിയും ആയിരുന്ന ലീല നിലവില്‍ കേരളാ സമാജത്തിന്റെ കമ്മറ്റി അംഗമാണ്. അമേരിക്കയിലെ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫൊക്കാനയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്നു.

ആലപ്പുഴയിലെ മുന്‍കാല കോണ്‍ഗ്രസ് നേതാവായിരുന്ന തോമസ് മാഷിന്റെ മകളായ ലീല കേരളത്തിലെ എല്ലാ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെയും സുഹൃത്തു കൂടിയാണ്. കോണ്‍ഗ്രസ് കുടുംബത്തില്‍ ജനിച്ചു വളര്‍ന്നതിനാല്‍ അമേരിക്കയിലെത്തിയപ്പോഴും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ ഓവര്‍സീസ് ഘടകത്തില്‍ വര്‍ഷങ്ങളായി നേതൃസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നു.

രസതന്ത്രത്തില്‍ മാസ്റ്റേഴ്‌സ് ബിരുദം നേടി ആലപ്പുഴയിലെ കോളേജില്‍ അധ്യാപികയായി ജീവിതം ആരംഭിച്ച ലീല വിവാഹ ശേഷം അമേരിക്കയിലേക്ക് കുടിയേറി. ഇവിടെ ന്യൂയോര്‍ക്ക് സിറ്റി എന്‍വയണ്‍മെന്റല്‍ ഡിപ്പാര്‍ട്‌മെന്റില്‍ സയന്റിസ്റ്റായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ച ശേഷം ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്നു.

ജാതി വിവേചനത്തിനും അയിത്താചാരത്തിനുമെതിരേ വൈക്കത്ത് സത്യാഗ്രഹസമരം തുടങ്ങാന്‍ കോണ്‍ഗ്രസ് നിര്‍ണായക തീരുമാനം എടുത്തത് 1924 ഫെബ്രുവരി 28-നാണ്. ആ തീരുമാനത്തിന് 100 വര്‍ഷം പൂര്‍ത്തിയായി കേരളത്തിന്റെ രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹിക വികാസഘട്ടത്തില്‍ സമാനതകളില്ലാത്ത സംഭവമാണ് 1924-ല്‍ നടന്ന വൈക്കം സത്യാഗ്രഹസമരം. സാമൂഹികമായ ഒരു അനാചാരത്തിന്റെ പരിഹാരത്തിനുള്ള കര്‍മപദ്ധതിയെന്നനിലയില്‍ സത്യാഗ്രഹം അതിന്റെ പൂര്‍ണരൂപത്തില്‍ പരീക്ഷിക്കപ്പെട്ടത് ഇവിടെവെച്ചാണ്.

സമരത്തിന് നേതൃത്വം നല്‍കിയത് മഹാത്മജിയായതുകൊണ്ട് രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഈ സമരത്തിന് നേടാനായി. ഹരിജനങ്ങളുടെ ക്ഷേത്രപ്രവേശനത്തിലും അയിത്താചരണത്തിന്റെ നിയമാധിഷ്ഠിതമായ നിര്‍മാര്‍ജനത്തിനും ഈ സമരം കാരണമായി എന്നതാണ് എക്കാലത്തെയും പ്രസക്തി. മറ്റ് ഒട്ടേറെ സാമൂഹിക മാറ്റങ്ങള്‍ക്കുകൂടി ഈ സമരം തിരികൊളുത്തി. മനുഷ്യസമത്വവും സാമൂഹികനീതിയും അടിസ്ഥാനനിലപാടായി സ്വീകരിച്ച 'മാതൃഭൂമി', ഈ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ പോരാടുന്നവരോടൊപ്പം നില്‍ക്കുക മാത്രമല്ല അതിന്റെ മുന്‍നിരയില്‍നിന്ന് നേതൃത്വപരമായ കടമ വിജയകരമായി നിറവേറ്റുകയും ചെയ്തു. ഈ സത്യാഗ്രഹത്തിന്റെ രണ്ടു പ്രമുഖനേതാക്കളില്‍ ഒരാള്‍ മാതൃഭൂമി പത്രാധിപരായിരുന്ന കെ.പി. കേശവമേനോനും മറ്റേയാള്‍ മാതൃഭൂമിയുടെ മാനേജര്‍ കേളപ്പന്‍ നായരുമായിരുന്നു. ഇതുകാരണം മഹത്തായ ഈ സമരം ആസൂത്രണം ചെയ്യുന്നതിലും സംഘടിപ്പിക്കുന്നതിലും അത് വിജയത്തിലെത്തിക്കുന്നതിലുമുള്ള ഉത്തരവാദിത്വത്തില്‍നിന്ന് 'മാതൃഭൂമി'ക്ക് മാറിനില്‍ക്കാനാവുമായിരുന്നില്ല.

സ്വാതന്ത്ര്യസമരത്തിന്റെ പലഘട്ടങ്ങളിലും മാതൃഭൂമി ഇങ്ങനെ പ്രവര്‍ത്തിച്ചിട്ടുള്ളതായിക്കാണാം. മാതൃഭൂമി വളര്‍ന്നതും ഈ പാതയിലൂടെയായിരുന്നു. മലബാറിലെ തിയ്യരെക്കാള്‍ മോശമായിരുന്നു തിരുവിതാംകൂറിലെ ഈഴവരുടെ അവസ്ഥ. ശ്രീനാരായണഗുരുവിന്റെയും മഹാകവി കുമാരനാശാന്റെയും സി.വി. കുഞ്ഞിരാമന്‍, ടി.കെ. മാധവന്‍ തുടങ്ങിയ ഊര്‍ജസ്വലരായ പൊതുപ്രവര്‍ത്തകരുടെയും ശ്രമഫലമായി പൗരാവകാശങ്ങളെക്കുറിച്ച് താഴ്ന്നജാതിക്കാര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാന്‍ കഴിഞ്ഞു. വൈക്കം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള പൊതുനിരത്തുകള്‍ 'അയിത്തജാതിക്കാര്‍ക്ക്' തുറന്നുകൊടുക്കുക എന്നതായിരുന്നു വൈക്കം സത്യാഗ്രഹസമരത്തിന്റെ മുഖ്യലക്ഷ്യം. ഈ ആവശ്യം നേടിയെടുക്കാന്‍ ഒട്ടേറെ കൂടിയാലോചനകള്‍ നടന്നെങ്കിലും അതിനൊരു സംഘടിത സമരംരൂപം നല്‍കാന്‍ തിരുവനന്തപുരത്തുനടന്ന ഒരു സംഭവം കാരണമായി.

1923 നവംബര്‍ അവസാനം തിരുവനന്തപുരത്ത് മുറജപം നടക്കുന്ന കാലം. കോട്ടയ്ക്കകത്താണ് അന്ന് തലസ്ഥാനത്തെ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കോടതി. ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് സി. ഗോവിന്ദപിള്ള മുറജപത്തിന്റെ നടത്തിപ്പിനുള്ള പ്രത്യേക ഉദ്യോഗസ്ഥന്‍കൂടിയാണ്. തന്റെ കോടതിയില്‍ ജോലിസംബന്ധമായ കാര്യങ്ങള്‍ക്കുവേണ്ടി ഹാജരായ വക്കീല്‍ പി.എന്‍. മാധവനോട് അദ്ദേഹം കോടതിവിട്ടുപാകാന്‍ കല്പിച്ചത് അക്കാലത്ത് പലരെയും ഞെട്ടിച്ചു. മാധവന്‍ അധഃകൃതജാതിയില്‍പ്പെട്ട ആളാണെന്നതു മാത്രമാണ് ഇതിനുകാരണം.

അയിത്തജാതിക്കാര്‍ക്ക് മുറജപക്കാലത്ത് കോട്ടയ്ക്കകത്തേക്ക് പ്രവേശിച്ചുകൂടാ. രാജ്യം വെട്ടിപ്പിടിക്കുന്നതിനിടയ്ക്ക് ചെയ്യേണ്ടിവന്ന ഹിംസകള്‍ക്ക് പാപപരിഹാരമായി മാര്‍ത്താണ്ഡവര്‍മയുടെ കാലംമുതല്‍ തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ആറുകൊല്ലം കൂടുമ്പോള്‍ നടത്താറുള്ള ഒരു വിശേഷ ചടങ്ങാണ് മുറജപം. ഈ സംഭവത്തെക്കുറിച്ച് ടി.കെ. മാധവന്‍ 'ഹിന്ദു' പത്രത്തിലേക്കയച്ച ഒരു റിപ്പോര്‍ട്ട് ഉദ്ധരിച്ചുകൊണ്ട് മാതൃഭൂമി എഴുതി. 'മതത്തിന്റെപേരില്‍ മനുഷ്യര്‍ തങ്ങളുടെ സഹജീവികളെ ഇത്തരത്തില്‍ അപമാനിക്കുന്നത് ആ മതത്തെ നിന്ദിക്കലാണ്. ഈ ആചാരങ്ങളെല്ലാം ഇപ്പോഴും നടക്കുന്നത് ഗവണ്‍മെന്റിന്റെ ധിക്കാരംകൊണ്ടോ, ജനങ്ങളുടെ ഭീരുത്വംകൊണ്ടോ'? ഈ വിഷയം ദേശീയപത്രങ്ങള്‍ ഏറ്റെടുത്തു.

വൈക്കം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള പൊതുനിരത്തുകള്‍ 'അയിത്തജാതിക്കാര്‍'ക്ക് തുറന്നുകൊടുക്കാന്‍വേണ്ടിയുള്ള സമരത്തിന് വഴിമരുന്നിട്ടത് ഈ സംഭവമാണെന്ന് കരുന്നതില്‍ തെറ്റില്ല. ദേവാലയമാണ് അവിടത്തെ മഹാക്ഷേത്രം. അതിന്റെ നാലുപാടും നല്ല വീതിയുള്ള പൊതുനിരത്തുകളുണ്ട്. എന്നാല്‍, ഇതുവഴി അയിത്തജാതിക്കാര്‍ക്ക് സഞ്ചരിച്ചുകൂടാ. സവര്‍ണഹിന്ദുക്കളോടൊപ്പം ക്രിസ്ത്യാനികളും മുഹമ്മദീയരും യഥേഷ്ടം ഉപയോഗിക്കുന്ന ഈ പൊതുനിരത്തില്‍നിന്ന് ഹിന്ദുസമുദായത്തിലെ വലിയൊരു വിഭാഗത്തെ അവര്‍ണരെന്ന് മുദ്രകുത്തി അകറ്റിനിര്‍ത്തുന്നതിലെ അനീതിയെ ആക്ഷേപിച്ചുകൊണ്ട് കെ.പി. കേശവമേനോന്‍ ചോദിച്ചു: ''അന്യദേശക്കാര്‍ നമ്മോട് അനീതി കാണിക്കുന്നതിനെതിരേ പ്രതിഷേധിക്കുന്ന നാം നമ്മുടെ നാട്ടുകാരോട് നീതികാണിക്കാന്‍ എന്തുകൊണ്ടാണ് ഒരുങ്ങാത്തത്? അയിത്തജാതിക്കാരോടു കാണിക്കുന്ന ഈ അനീതി നീക്കംചെയ്യാനുള്ള ബാധ്യത നമുക്കില്ലേ?'' ജനങ്ങള്‍ ഒന്നടങ്കം കൈയടിച്ചു പ്രോത്സാഹിപ്പിച്ചപ്പോള്‍ സദസ്യരോടായി കേശവമേനോന്‍ ചോദിച്ചു: ''കൈകൊട്ടാന്‍ പ്രയാസമില്ല. കാര്യം നടത്താന്‍ തുടങ്ങുമ്പോഴാണ് കുഴപ്പമുണ്ടാകുന്നത്.

അയിത്ത ജാതിക്കാരോടൊരുമിച്ച് ക്ഷേത്രം റോഡില്‍ക്കൂടി ഒരു ഘോഷയാത്ര പോകുന്നതായാല്‍ ഇവിടെ കൂടിയിരിക്കുന്നവരില്‍ എത്ര ആളുകള്‍ അതില്‍ പങ്കെടുക്കും?' എല്ലാവരും എല്ലാവരും' എന്ന് ആവേശത്തോടെ ജനം ആര്‍ത്തുവിളിച്ചപ്പോള്‍ കേശവമേനോന്‍ പറഞ്ഞു. 'എന്നാല്‍, നാളെ നമുക്ക് ആ ഘോഷയാത്ര നടത്താം.' വലിയ ആവേശത്തോടെ ജനങ്ങള്‍ അതിനെ വരവേറ്റു. ഇതോടെ വൈക്കം സത്യാഗ്രഹത്തിന്റെ വിത്ത് മണ്ണില്‍ വീണുകഴിഞ്ഞു. പെട്ടെന്നെടുത്ത ഈ തീരുമാനത്തിനെതിരേ ക്രമസമാധാനപ്രശ്‌നമുയര്‍ത്തി പോലീസ് മേധാവികളും ചില പൗരമുഖ്യന്മാരും രംഗത്തെത്തി. സമാധാനപരമായ ഇടപെടലിലൂടെ ഒരു മാസത്തിനകം പ്രശ്‌നം രമ്യമായി പരിഹരിക്കാമെന്ന് പല അഭ്യുദയകാംക്ഷികളും പറഞ്ഞപ്പോള്‍ കേശവമേനോനും സംഘവും ഒരുമാസം കാത്തിരിക്കാന്‍ തീരുമാനിച്ചു.

ഒരുമാസത്തെ അവധി കഴിയാറായിട്ടും വൈക്കത്തെ സവര്‍ണരുടെയും ദേവസ്വം അധികാരികളുടെയും മനോഭാവത്തില്‍ ഒരു മാറ്റവും കാണാത്തതിനാല്‍ സമരവുമായി മുന്നോട്ടുപോകാന്‍ തന്നെ സമരസമിതി തീരുമാനിച്ചു. മഹാത്മജിയും സമ്മതവും പിന്തുണയും രേഖാമൂലം കിട്ടിയപ്പോള്‍ 1924 മാര്‍ച്ച് 30-ന് സത്യാഗ്രഹസമരം ആരംഭിക്കാന്‍ തീരുമാനിച്ചു. പിന്നീട് നടന്നത് ചരിത്രം. കേരളത്തില്‍ ജാതിചിന്തകളുടെ പേരില്‍ കെട്ടിപ്പൊക്കിയ വിവേചനങ്ങള്‍ ഓരോന്നായി അടര്‍ന്നുവീഴുന്നതിന് തുടക്കമിട്ടു വൈക്കം സത്യാഗ്രഹം.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code